ന്യൂഡൽഹി∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ ഇന്ന് വൈകിട്ട് മൂന്നിന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു ഹർജികൾ പരിഗണിക്കുക. തുറന്ന കോടതിയില്‍ ഹർജികൾ പരിഗണിക്കില്ല. ജഡ്ജിമാരുടെ ചേംബറിൽ വച്ചായിരിക്കും ഹര്ജികളിന്മേൽ തീരുമാനമെടുക്കുക. ഇവിടേക്ക് അഭിഭാഷകർക്കോ കക്ഷികൾക്കോ പ്രവേശനം അനുവദിക്കില്ല.
48 ഹർജികളാണു പരിഗണിക്കുന്നത്. പുനഃസംഘടിപ്പിച്ച ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നേതൃത്വം നൽകും. ഇതിനു പുറമേ ശബരിമല വിഷയത്തിലെ റിട്ട് ഹർജികൾ രാവിലെ പരിഗണിക്കായി വരും രഞ്ജൻ ഗൊഗോയ് ഉൾപ്പെട്ട മൂന്ന് അംഗ ബെഞ്ചാണ് റിട്ട് ഹർജികൾ പരിഗണിക്കുക. ദേവസ്വം ബോര്‍ഡിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം ഹാജരാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.