കുന്ദമംഗലം : ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിൽ വൻ കുതിച്ചുചാട്ടവുമായി എൻഐടി കാലിക്കറ്റ്. പാഠ്യ ശാഖകളുടെ സംയോജനത്തിലൂടെയും വിവിധ തലങ്ങളിലുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെയും ഒരു മൾട്ടി ഡിസിപ്ലിനറി എജുക്കേഷൻ ആൻഡ് റിസർച്ച് യൂണിവേഴ്സിറ്റി (മേരു) ആയി ഉയർന്നുവരാൻ ലക്ഷ്യമിട്ടാണ് വിവിധ പദ്ധതികൾ വിഭാവനം ചെയ്യുന്നത്.
വ്യവസായ സംരംഭങ്ങളുടെയും തൊഴിൽ ദാതാക്കളുടെയും അഭിപ്രായം കണക്കിലെടുത്ത് പരിഷ്കരിച്ച ഇൻസ്റ്റിറ്റ്യൂട്ട് പുതിയ പാഠ്യപദ്ധതി ഈ അധ്യാന വർഷം നിലവിൽ വരും. ബിരുദ ബിരുദാനന്തര ബിരുദ പി എച്ച് ഡി പ്രോഗ്രാമുകളുടെ സിലബസ് ആണ് പരിഷ്കരിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ നാലുവർഷ സംയോജിത ബി എസ് സി-ബി എഡ് പ്രോഗ്രാം ഈ വർഷം ആരംഭിക്കും.
എൻ ഐ ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫസർ പ്രസാദ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ മാറ്റങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. അദ്ദേഹത്തിൻറെ അഭിപ്രായപ്രകാരം ചോയിസ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റം വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള കോഴ്സുകൾ, ഇലക്ടീവുകൾ എന്നിവ തിരഞ്ഞെടുക്കാൻ അവസരം നൽകുന്നു.
ഇതുകൂടാതെ നവ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയിട്ടുള്ള മൈനർ പ്രോഗ്രാമുകളായ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മെഷീൻ ലേർണിംഗ്, ഡാറ്റാ സയൻസ് എന്നിവയും പുതുക്കിയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്റ്റുഡൻറ് എക്സ്ചേഞ്ച് പ്രോഗ്രാമുകൾക്കും ഈ വർഷം മുതൽ എൻഐടി കാലിക്കറ്റിൽ തുടക്കം കുറിക്കും എന്ന് അക്കാദമിക് വിഭാഗം ഡീൻ ആയ ഡോ. സമീർ എസ് എം അറിയിച്ചു. ഇതിൻറെ ഭാഗമായി വിവിധ ഡിപ്പാർട്ട്മെൻറ്കളിൽ ഉള്ള 9 അവസാനവർഷ ബിടെക് വിദ്യാർഥികൾ അവരുടെ ഫൈനൽ ഇയർ ഐ.ഐ.ടി ഹൈദരാബാദിൽ പൂർത്തിയാക്കും എന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളാണ് മറ്റൊരു പ്രത്യേകത. വ്യവസായ വിദഗ്ധരെ പ്രൊഫസർ ഓഫ് പ്രാക്ടീസ്, വിസിറ്റിംഗ് ഫാക്കൽറ്റി എന്നീ തസ്തികകളിൽ നിയമിക്കാനും വ്യവസായ സ്ഥാപനങ്ങൾ സർക്കാർ സ്ഥാപനങ്ങൾ ഗവേഷണ വികസന ലാബുകൾ പൊതുമേഖലാ സംരംഭങ്ങൾ എന്നിവയിൽ ഇന്റേൺഷിപ്പ് ഉറപ്പുവരുത്താനും എൻ ഐ ടി സി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് എൻഐടിയിൽ സ്ഥാപിച്ചിട്ടുള്ള 15 മൾട്ടി ഡിസിപ്ലിനറി സെൻററുകൾ ആണ് മറ്റൊരു പ്രത്യേകത. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഭൗതികവും ശാരീരികവും മാനസികവും വൈകാരികവും ആത്മീയവുമായ വളർച്ചയ്ക്ക് ഉതകുന്ന തരത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് ഡയറക്ടർ ഇൻ ചാർജും ഡീൻ ഫാക്കൽറ്റി വെൽഫെയറും ആയ ഡോ. ജെ സുധാകുമാർ പറഞ്ഞു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അനധ്യാപകരുടെയും ശാരീരികവും മാനസികവും സാമൂഹികവും വൈകാരികവുമായ ക്ഷേമത്തിന് പരിഗണന കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികൾക്കിടയിൽ ഗവേഷണവും നൂതന കണ്ടുപിടിത്തങ്ങളുടെ വികസനവും പരിപോഷിപ്പിക്കാൻ ആയി ഇൻസ്റ്റിറ്റ്യൂട്ട് ഇന്നൊവേഷൻ കൗൺസിൽ എൻ ഇ പി നിർദ്ദേശാനുസരണം പ്രവർത്തിച്ചുവരുന്നു. സ്ഥാപനത്തിന് ദേശീയതലത്തിൽ ഇന്നവേഷൻ റാങ്കിങ്ങിൽ എട്ടാം സ്ഥാനം നേടാൻ കഴിഞ്ഞതും ഇതിൻറെ ഭാഗമായാണ്. ഇന്ത്യയിലെ 31 എൻ ഐ ടി കളിൽ ഇന്നൊവേഷൻ റാങ്കിങ്ങിൽ ആദ്യത്തെ പത്ത് റാങ്കിൽ ഉൾപ്പെട്ട ഏക എൻഐടി ആണ് കാലിക്കറ്റ് എൻ ഐ ടി എന്ന് ഡീൻ റിസർച്ച് ആൻഡ് കൺസൾട്ടൻസി ആയ ഡോക്ടർ എൻ സന്ധ്യ റാണി പറഞ്ഞു. സ്ഥാപനത്തിന് ഇതുവരെ 25 പേറ്റന്റുകളും 5 ട്രേഡ് മാർക്കുകളും വിദ്യാർത്ഥി അധ്യാപക കണ്ടുപിടിത്തങ്ങൾക്കായി ലഭിച്ചിട്ടുണ്ട്. 2022 23 കാലയളവിൽ മാത്രം വിദ്യാർത്ഥികൾ സമർപ്പിച്ച 43 പ്രോജക്ടുകൾക്ക് ധനസഹായം നൽകുകയും അതിൽ 14 എണ്ണം പേറ്റന്റിനായി അപേക്ഷ സമർപ്പിക്കുകയും ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഇന്നവേഷൻ കൗൺസിൽ, ടെക്നോളജി ബിസിനസ് ഇൻക്യൂബേറ്റർ, സെൻറർ ഫോർ ഇന്നൊവേഷൻ, എന്റർപ്രണർഷിപ്പ് ആൻഡ് ഇൻക്വിബേഷൻ എന്നിവയുടെ സഹകരണത്തോടെ വിദ്യാർഥികളുടെയും അധ്യാപകരുടെയും സ്റ്റാർട്ടപ്പ് സംരംഭങ്ങളെയും സ്ഥാപനം പ്രോത്സാഹിപ്പിക്കുന്നുണ്ട്. നിലവിൽ ഒരു വിദ്യാർത്ഥി സ്റ്റാർട്ടപ്പും 3 അധ്യാപക സ്റ്റാർട്ടപ്പുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ 6 അധ്യാപക സ്റ്റാർട്ടപ്പുകൾക്കായുള്ള നടപടിക്രമങ്ങളും തുടങ്ങിയിട്ടുണ്ട്.
അക്കാദമിക സംരംഭങ്ങൾക്ക് പുറമെ എൻഐടി കാലിക്കറ്റിൻ്റെ അടിസ്ഥാന സൗകര്യ വികസനവും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി തുടങ്ങി കഴിഞ്ഞു. വിവിധങ്ങളായ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ഇവിടെ തുടക്കം കുറിച്ചിട്ടുണ്ട് എന്ന് പ്ലാനിങ് ആൻഡ് ഡെവലപ്മെൻറ് വിഭാഗം ഡീൻ ഡോക്ടർ പ്രിയ ചന്ദ്രൻ പറഞ്ഞു. പുതിയ കോഴ്സുകളുടെ ഭാഗമായി അധ്യാപകരിലും വിദ്യാർത്ഥികളിലും അനധ്യാപകരിലും ഉണ്ടായ വർദ്ധനവിന് അനുസരിച്ച് അവർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഒരു പുതിയ അക്കാദമിക് ബ്ലോക്ക്, ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 33 കെ വി സബ്സ്റ്റേഷൻ, ക്യാമ്പസിന്റെ രണ്ടു ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സബ് വേ എന്നിവയെല്ലാം ഇതിൻറെ ഭാഗമാണ്.
കൂടാതെ, ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് വകുപ്പ് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ സോഷ്യൽ സയൻസ് ആൻഡ് ഇക്കണോമിക്സ് സ്കൂൾ, ഹെറിറ്റേജ് സെന്റർ, സാറ്റലൈറ്റ് കാമ്പസ് സൗകര്യം, ഇന്റഗ്രേറ്റഡ് സ്പോർട്സ് കം കൺവെൻഷൻ സെന്റർ എന്നിവയ്ക്കായി 525 കോടി രൂപയുടെ ഒരു പദ്ധതി ഞങ്ങൾ ആസൂത്രണം ചെയ്യുന്നു.
വിദ്യാർത്ഥികളുടെ ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്ന കൗൺസിലിംഗ് സംവിധാനങ്ങൾ സ്ഥാപനത്തിൽ കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ ജീവിത നൈപുണ്യങ്ങളും മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും പാഠ്യപദ്ധതിയിലേക്ക് സമന്വയിപ്പിക്കാൻ കല കായിക സാംസ്കാരിക സാഹിത്യ രംഗങ്ങളുമായി ബന്ധപ്പെട്ട കോഴ്സുകളും യോഗയും വിദ്യാഭ്യാസത്തിൻറെ ഭാഗമാക്കിയിട്ടുണ്ട് എന്ന് സ്റ്റുഡൻസ് വെൽഫെയർ വിഭാഗം ഡീൻ ആയ ഡോ. ജി കെ രജനികാന്ത് പറഞ്ഞു. ഇതുകൂടാതെ വിദ്യാർത്ഥികൾക്കായി മാനസിക സമ്മർദ്ദം ഒഴിവാക്കാനുള്ള വ്യക്തിത്വ പരിശീലനങ്ങളും കൗൺസിലിംഗുകളും എൻ ഐ ടി കാലിക്കറ്റ് നടപ്പാക്കുന്നുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, സ്റ്റുഡന്റ് ഗൈഡൻസ് സെൽ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് രഹസ്യാത്മക കൗൺസിലിംഗ് സേവനങ്ങൾ നൽകുന്നു, അതേസമയം സെന്റർ ഫോർ സ്റ്റുഡന്റ് ആക്റ്റിവിറ്റീസ് ആൻഡ് സ്പോർട്സ് ശാരീരിക വിദ്യാഭ്യാസം, കായികം എന്നിവയിലൂടെ സാമൂഹിക ഐക്യം, അച്ചടക്കം, വ്യക്തിത്വ വികസനം എന്നിവ വളർത്താൻ ലക്ഷ്യമിടുന്നു. വിദ്യാർത്ഥികളുടെ വികസനത്തിന് വേണ്ടി ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (എൽഎൻസിപിഇ), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്), ഹാർട്ട്ഫുൾനെസ് എഡ്യൂക്കേഷൻ ട്രസ്റ്റ് (എച്ച്ഇടി) തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പിടാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രജിസ്ട്രാറായ ഡോ. ശ്യാംസുന്ദര എം എസ് പങ്കെടുത്തു.