കോഴിക്കോട്: ബാർ അടപ്പിക്കൂ കടകൾ തുറക്കാൻ അനുവദിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി മിഠായിതെരുവിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടങ്ങി.ശക്തമായ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നുണ്ട്. വ്യാപാരികൾ അൽപ്പസമയത്തിനകം എത്തി മുയുവൻ കടകളും നിയന്ത്രണം ലംഘിച്ച് തുറക്കുന്നതോടെ സംഘർഷം ഉണ്ടാകുമെന്ന് ഞങ്ങളുടെ പ്രതിനിധി റിപ്പോർട്ട് ചെയ്യുന്നു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടകൾ തുറക്കാൻ അനുവധിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ജീവിക്കാൻ വേണ്ടിയാണ് തങ്ങൾ പ്രതിഷേധിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. കടകൾ മുഴുവൻ പ്രവർത്തിക്കാൻ അനുവദിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകും. തങ്ങളുടേത് ന്യായമായ ആവശ്യമാണ്. ബിവറേജസിന് മുന്നിൽ പൊലീസ് കാവൽ ഏർപ്പെടുത്തുന്നുണ്ട്. എന്തുകൊണ്ടാണ് വ്യാപാരികളെ സർക്കാർ അവഗണിക്കുന്നതെന്നും ഇവർ ചോദിക്കുന്നു.
ലോക്ക്ഡൗണിന്റെ സമയത്ത് വളരെ കഷ്ടപ്പെട്ടാണ് മുന്നോട്ടുപോയത്. സർക്കാർ കണ്ണുതുറക്കണം.
വ്യാപാരികളെയും പരിഗണിക്കണം. ജീവിക്കാൻ കഴിയുന്നില്ല. ലക്ഷക്കണക്കിന് രൂപയുടെ കടംകയറി ആത്മഹത്യയുടെ വക്കിലാണ് തങ്ങളെന്നും വ്യാപാരികൾ പറയുന്നു.