പാർട്ടി പ്രതിസന്ധിയിൽപ്പെടുമ്പോഴും ജനങ്ങൾ ഈ പാർട്ടിയെ വെറുക്കുന്നു എന്ന് അറിയുമ്പോഴും ഓരോ ഘട്ടത്തിലും മതങ്ങളെ പരിചയാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്ന സി.പി.എം നിലപാട് പല തവണ നാം കണ്ടതാണ്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സി.പി.എം പ്രധാനമായും രാഷ്ട്രീയ നേട്ടത്തിന് പ്രയോജനപ്പെടുത്തിയത് ബീഫായിരുന്നു എന്ന് എല്ലാവർക്കും അറിയാം. കേരളത്തിൽ അന്ന് വരെ ബീഫ് നിരോധിച്ചിട്ടില്ല. പിന്നീട് ഇന്ന് വരേയും നിരോധിച്ചിട്ടില്ല. ഇനി അങ്ങോട്ട് നിരോധിക്കുകയുമില്ലാ എന്ന ഉത്തമ വിശ്വാസത്തിലാണ് കേരളീയ സമൂഹം. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ബീഫ് നിരോധിച്ചതിന്റെ പേരിൽ അവിടങ്ങളിലൊന്നും അതിനെതിരെ സി.പി.എം ഒരു ചെറുവിരൽ പോലും അനക്കിയിട്ടുമുണ്ടായിരുന്നില്ല. എന്നാൽ കേരളത്തിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും പൊതു തെരഞ്ഞെടുപ്പിലും ബീഫായിരുന്നു സി.പി.എമ്മിന്റെ പ്രധാന ആയുധം. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ സി.പി.എം അത് വിടുകയും ചെയ്തു. ബീഫ് വിഷയത്തിലുള്ള സി.പി.എമ്മിന്റെ ആത്മാർത്ഥ അതോടെ സമൂഹത്തിന് ബോധ്യപ്പെട്ടു.
ഇപ്പോൾ നയതന്ത്ര ബാഗേജിലൂടെ സ്വർണ്ണകള്ളക്കടത്ത് നടത്തിയതിനെ കസ്റ്റംസ് കണ്ട് പിടിച്ചപ്പോൾ അതിലെ പ്രധാന പ്രതികളെ കണ്ടെത്തി അവരുമായുള്ള സമ്പർക്കത്തെ പരിശോധിച്ചപ്പോഴാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീൽ അവർകൾ അതിലെ പ്രധാന പ്രതികളിൽ ഒരാളുമായി നിരന്തരമായ ബന്ധമുണ്ടായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്. ഒരു ദിവസം മാത്രം രാത്രി ഉൾപ്പെടെ ഒമ്പത് തവണ ഈ പ്രതിയുമായി ബഹു.മന്ത്രി ബന്ധപ്പെട്ടതായി വാർത്ത വരുന്നത്. അപ്പോൾ അദ്ദേഹം അതിൽ നിന്നും തടിയൂരുന്നതിന് പരിശുദ്ധ ഇസ്ലാമിലെ പരിപാവനമായ സക്കാത്തിനെയായിരുന്നു പരിചയാക്കിയത്.
തുടർന്ന് അന്വേഷണം വ്യാപകമായപ്പോൾ അദ്ദേഹം നയതന്ത്ര ബാഗേജ് വഴി വന്ന പാക്കറ്റുകൾ അദ്ദേഹത്തിന്റെ വകുപ്പിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് വാഹനത്തിൽ കടത്തിക്കൊണ്ട്പോയതായി വാർത്ത വന്നു. ഇപ്പോൾ അദ്ദേഹം സക്കാത്തിനെ വിട്ടു ഇസ്‌ലാം മത വിശ്വാസികൾക്ക് ഏറ്റവും പവിത്രമായ അല്ലാഹുവിന്റെ വചനങ്ങൾ ഉൾക്കൊള്ളുന്ന പരിശുദ്ധ ഖുർആനെയാണ് അദ്ദേഹം പരിചയാക്കിയത്.
തുടർന്ന് സി.പി.എം മന്ത്രിയുടെ സംരക്ഷണത്തിനായി തുടർച്ചയായി പരിശുദ്ധ ഖുർആൻ ചർച്ചയാക്കി. ആ ചർച്ച ജലീൽ ഉയർത്തി കാട്ടിയ പരിശുദ്ധ ഖുർആൻ വന്നു എന്ന് പറയുന്ന കൺസൈമെന്റിന്റെ തൂക്കവും, അദ്ദേഹം പറഞ്ഞ എണ്ണവും, അത് പ്രകാരമുള്ള തൂക്കവും തമ്മിൽ വലിയ വ്യത്യാസമുണ്ട് എന്ന് മനസ്സിലാക്കിയ അന്വേഷണ ഏജൻസികൾ ഇത് സംബന്ധിച്ച് ഡോ.ജലീൽ അവർകളെ ഒന്നിലേറെ ദിവസങ്ങളിലായി മണിക്കൂറുകളോളം ചോദ്യം ചെയ്യുകയുണ്ടായി. ഇതിൽ പ്രധാനമായും ജലീൽ ഉയർത്തി കാട്ടിയ പരിശുദ്ധ ഖുർആനാണ് എന്നു പറയുന്ന പാർസലിന്റെ തൂക്കവും അദ്ദേഹം കൊണ്ട് പോയി എന്ന് പറയുന്ന പരിശുദ്ധ ഖുർആൻ ഉൾക്കൊള്ളുന്ന ബാഗേജിന്റെ തൂക്കം കഴിച്ചുള്ള ബാക്കി സ്വർണ്ണമായിരുന്നു എന്ന വഴിക്കാണ് അന്വേഷണം നീങ്ങുന്നതെന്ന് മനസ്സിലാക്കിയ സി.പി.എം പരിശുദ്ധ ഖുർആൻ പരിചയാക്കി സ്വർണ്ണകള്ളക്കടത്ത് ചർച്ച വഴി തിരിച്ച് വിടുവാൻ ശ്രമിക്കുകയായിരുന്നു. അതും പരാജയപ്പെട്ട് കൈകാലിട്ട് അടിക്കുകയാണ് സി.പി.എം ഇപ്പോൾ.
പ്രതിസന്ധിയും തെരഞ്ഞെടുപ്പുകളും ഇല്ലാത്ത അവസരങ്ങളിലെല്ലാം മതങ്ങളേയും മതചിഹ്നങ്ങളേയും തള്ളി പറയുകയും മൃഗീയമായി ആക്ഷേപിക്കുകയും തക്കം കിട്ടുമ്പോഴെല്ലാം അക്രമിക്കുകയും ചെയ്യുന്ന സി.പി.എം രീതി പലപ്പോഴും നാം കണ്ട് കൊണ്ടിരിക്കുന്നതാണ്.
ഇപ്പോൾ അകപ്പെട്ട പ്രതിസന്ധിയിൽ നിന്ന് എളുപ്പത്തിലൊന്നും കരകയറാൻ സാധിക്കില്ലെന്ന് ബോധ്യപ്പെട്ട സി.പി.എം രണ്ട് തെരഞ്ഞെടുപ്പുകൾ വിളിപ്പാടകലെ എത്തി നിൽക്കുന്ന ഈ സാഹചര്യത്തിൽ മത ചിഹ്നങ്ങളേയും ന്യൂനപക്ഷത്തേയും എങ്ങിനെ പ്രലോഭിപ്പിച്ച് കൂടെ നിർത്താം എന്ന് ചിന്തിക്കുകയാണെന്ന ഗൗരവതരമായ കാര്യം വിശ്വാസികൾ ഉൾക്കൊണ്ട് ജാഗ്രത പാലിക്കുന്നത് ഭാവിയിൽ അപകടപ്പെടാതിരിക്കാൻ നല്ലതാണ്.. തൻ്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് മായിൻഹാജി വൃക്തമാക്കിയത്