തിരുവനന്തപുരം:2015 ലെ ബജറ്റ് സമയത്തെ നിയമസഭയിലെ കയ്യാങ്കളികേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ അപേക്ഷയില്‍ വിധി ഇന്ന്. സഭയ്ക്കുള്ളില്‍ അക്രമം നടത്തി രണ്ടര ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് തിരുവനന്തപുരം സിജെഎം കോടതി വിധി പറയുക. മന്ത്രിമാരായ ഇ.പി.ജയരാജന്, കെ.ടി.ജലീല്‍ എന്നിവരുള്‍പ്പെടെ ആറുപേരാണ് കേസിലെ പ്രതികള്‍.
പി.ജയരാജന്,കെ.ടി.ജലീല്‍ കെ.അജിത്,കെ.കുഞ്ഞുമുഹമ്മദ്,സി.കെ.സദാശിവന്,വി.ശിവന്‍കുട്ടി എന്നിവരാണ് കേസിലെ പ്രതികള്‍. ഇതിനിടയില്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വി.ശിവന്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി. പിന്നാലെ സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചെന്നു ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ തടസ ഹര്‍ജി നല്കി. സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റേയും വാദം പൂര്‍ത്തിയായതിനെതുടര്‍ന്നാണ് കേസില്‍ ഇന്നു വിധി പറയുന്നത്. സഭയില്‍ നടന്നത് ദൃശ്യമാധ്യമങ്ങളിലൂടെ ജനം തല്‍സമയം കണ്ടകേസില് കോടതി എന്തു നിലപാടു സ്വീകരിക്കും എന്നാണ് ഏറെ ആകാംഷയുണ്ടാക്കുന്നത്.2015 മാര്‍ച്ച് 13 നു അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ടു നടത്തിയ പ്രതിഷേധത്തില്‍ രണ്ടര ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് കേസ്. നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ അന്നത്തെ ആറു എം.എല്‍.എ മാര്‍ക്കെതിരെ പൊതുമുതല്‍ നശീകരണ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തികന്റോണ്മെന്റ് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.