ഇന്ന് യൂത്ത് ലീഗ് ദിനം
1980 ജൂലൈ 30 (റമളാൻ 17); യൂത്ത് ലീഗിന്റെ ഭാഷാ സമരം. കേരളത്തിലെ എല്ലാ കളക്ട്രേറ്റുകളിലും അന്ന് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ പിക്കറ്റിങ്ങ് നടത്തി. ഞാൻ അന്ന് കോഴിക്കോട് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് ഖജാഞ്ചി ആണ്. ഇന്നത്തെ പിക്കറ്റിങ് പോലെയല്ല കളക്ട്രേറ്റ് സ്തംഭിപ്പിക്കുകയായിരുന്നു അന്ന് ഞങ്ങൾ. പുലർച്ചെ അത്താഴം കഴിച്ച് ഞാനും സഹപ്രവർത്തകരും ജാഥയായാണ് കളക്ട്രേറ്റിൽ പോയത്. രാവിലെ ഏഴര മണിക്ക് തന്നെ കളക്ട്രേറ്റിൽ എത്തി. അപ്പോൾ തന്നെ ജന നിബിഡമായിരുന്നു അവിടം. എട്ടര മണിയോടെ ഞങ്ങൾ കളക്ട്രേറ്റിന് ചുറ്റും അണിനിരന്നു. കൃത്യം10 മണിക്ക് പിക്കറ്റിങ് ആരംഭിച്ചു. നേരത്തെ തീരുമാനിച്ചത് പ്രകാരം എന്റെ നേതൃത്വത്തിലുള്ള ബാച്ചാണ് ആദ്യമായി പിക്കറ്റിങ്ങ് നടത്തിയത്. സമാധാനപരമായി പിക്കറ്റിങ്ങ് ആരംഭിച്ചു.
താമസിയാതെ പോലീസ് ഞങ്ങളെ നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് തുരുതുരാ യൂത്ത് ലീഗ് പ്രവർത്തകന്മാരെ കൊണ്ട് പോലീസ് വാൻ പാഞ്ഞെത്തിക്കൊണ്ടിരുന്നു. ഏറെക്കുറേ വിശാലമായ നടക്കാവ് പോലീസ് സ്റ്റേഷൻ അൽപസമയം കൊണ്ട് നിറഞ്ഞു. റോഡും അറസ്റ്റ് ചെയ്തവരെകൊണ്ട് തിങ്ങി നിറഞ്ഞു. പതിനൊന്ന് പതിനൊന്നരയോടെ ഒരു എസ്.ഐ വന്ന് കൂട്ടത്തിൽ നേതാവ് എന്ന് തോന്നിക്കുന്ന എന്നോട് നിങ്ങളും നാല് പേരും കമ്മീഷണറോട് സംസാരിക്കുന്നതിന് ഓഫീസിലേക്ക് വരണം എന്ന് പറഞ്ഞു. കമ്മീഷണറോട് സംസാരിക്കണമെങ്കിൽ ഇങ്ങോട്ട് വരട്ടെ എന്ന് പറഞ്ഞ് നിന്നെങ്കിലും കൂടെയുള്ളവരിൽ പലരും നിർബന്ധിച്ചത് കാരണം ഞാനും അരീക്കാട്ടെ സീതി, അരീക്കാട്ടെ സൈനത്താത്തയുടെ മകൻ ബേബി, കൊടുവള്ളിയിലെ യൂത്ത് ലീഗ് പ്രവർത്തകൻ കുഞ്ഞിമൊയ്‌തീൻ, വടകരയിലെ ഒരു യൂത്ത് ലീഗ് പ്രവർത്തകൻ(പേര് അറിയാത്തത് കൊണ്ടല്ല, ഇവിടെ പറയുന്നില്ല) എന്നിവർ പോലീസ് വാനിൽ കയറി.
കമ്മീഷണർ ഓഫീസിലേക്ക് എന്ന് പറഞ്ഞു ഞങ്ങളെ കൊണ്ടുപോയത് കസബ പോലീസ് സ്റ്റേഷനിലേക്കാണ്. അവിടെ ഞങ്ങളെ ഇറക്കിവിട്ട് കമ്മീഷണർ ഇവിടെ വരും എന്ന് പറഞ്ഞു കൊണ്ടുവന്ന പോലീസുകാർ പോയി. ഇടക്കിടക്ക് പോലീസുകാരോട് ഞങ്ങൾ ചോദിക്കും കമ്മീഷണർ എപ്പോഴാ വരിക എന്ന്. ഇപ്പോൾ വരും എന്ന് മറുപടി പറയും. അങ്ങനെ ഉച്ചയായി.. വൈകുന്നേരമായി.. നോമ്പുകാലമായതിനാൽ ഭക്ഷണത്തെ സംബന്ധിച്ച് ആലോചിക്കേണ്ടി വന്നില്ല. മഗ്‌രിബ് ബാങ്ക് കൊടുക്കുന്നത് വരെ അങ്ങനെ പോയി. പുറംലോകവുമായി ഒരു ബന്ധവുമില്ല. അന്ന് മൊബൈൽ ഫോൺ ഉള്ള കാലമല്ലല്ലോ? നോമ്പ് തുറക്കാൻ സമയമായപ്പോൾ നോമ്പ് തുറക്കാനുള്ള ഭക്ഷണം ആവശ്യപ്പെട്ടു. അപ്പോഴാണ് പൊലീസുകാർ അവരുടെ യഥാർത്ഥ സ്വഭാവം കാട്ടിയത്. ഇവിടെ നിങ്ങൾക്ക് തരാൻ ഒന്നുമില്ല. അപ്പുറത്ത് കൂജയുണ്ട് അതിൽ വെള്ളം ഉണ്ടെങ്കിൽ എടുത്ത് കുടിച്ചോളൂ എന്ന് പറഞ്ഞു. പുറത്തുള്ള കൂജ നോക്കിയപ്പോൾ കൂജയുടെ അടിയിൽ കഷ്ടിച്ച് ഒന്നൊന്നര ഗ്ലാസ് വെള്ളം പെരണ്ട് കിടക്കുന്നുണ്ട്. അതുകൊണ്ട് ഞങ്ങൾ 5 പേരും നോമ്പ് തുറക്കൽ കർമ്മം നിർവഹിച്ചു. പിന്നീട് കനത്ത നിശബ്ദതയായിരുന്നു ആ പരിസരമൊട്ടാകെ.
നോമ്പ് തുറന്ന് കഴിഞ്ഞു. അത് വരെ ദിനപത്രം വിരിച്ച് ളുഹറും അസറും നമസ്കരിച്ച ഞങ്ങൾ, മഗ്‌രിബ് നിസ്കാരവും അത് പോലെ നിർവഹിക്കാൻ ഒരുങ്ങുന്നതിനിടയിൽ ഞാൻ നേരത്തെ പേര് പറയാതിരുന്ന വടകരക്കാരനായ സഹപ്രവർത്തകൻ ഇരുട്ടിലേക്ക് ഇറങ്ങി പെട്ടെന്ന് ഓടി രക്ഷപ്പെട്ടു. സ്റ്റേഷനിലുള്ള 2 പൊലീസുകാർ അത് കാണാതിരിക്കാൻ ഞങ്ങൾ വളരെ വേഗം മഗ്‌രിബ് നമസ്കാരത്തിലേക്ക് നീങ്ങി. ആ സഹോദരന് ഒരു കാര്യം ചെയ്യാമായിരുന്നു. പുറത്തെത്തി ആരോടെങ്കിലും ഞങ്ങളിവിടെ കുറച്ച് ആളുകൾ കുടുങ്ങിയിട്ടുണ്ട് എന്ന വിവരം പറയാമായിരുന്നു. അത് അദ്ദേഹം ചെയ്തില്ല.
അന്ന് എന്റെ വീട്ടിൽ ആ വർഷം വിവാഹിതയായ എന്റെ സഹോദരിയുടെ ഭർതൃപിതാവിന്റെ നോമ്പ്തുറ സൽകാരമായിരുന്നു. പിതാവ് 1974 ൽ വിടപറഞ്ഞതിന് ശേഷം ഞാനാണല്ലോ കുടുംബനാഥൻ? എനിക്കന്ന് 24 വയസ്സ് പൂർത്തിയായി 25 ലേക്ക് പ്രവേശിച്ച സമയം. തലേന്ന് അത്താഴം കഴിച്ച് പുലർച്ചെ പുറപ്പെട്ട ഞാൻ എവിടെയാണെന്ന് ആർക്കും ഒരു പിടിയുമില്ല. വീട്ടിലുള്ളവരും ഞാൻ ക്ഷണിച്ചുവരുത്തിയ അതിഥികളും എല്ലാവരും ഞാൻ എവിടെയാണെന്നറിയാതെ വല്ലാതെ വിഷമിച്ചു. ഞങ്ങളെയാണെങ്കിൽ ഉച്ചയോടടുത്ത സമയത്ത് പോലീസ് കൊണ്ടുപോയിട്ടത് കോഴിക്കോട് പട്ടണത്തിന് നടുവിലാണെങ്കിലും വിജനമായ ജയിൽ പരിസരത്തുള്ള കസബ സ്റ്റേഷനിലാണ്. ഇരുട്ട് കനത്ത് വരുന്നതിനിടയിൽ ആരെയും ഒന്ന് വിളിച്ചറിയിക്കാൻ പോലും സാധിക്കാതെ നിസ്സഹായാവസ്ഥയിലായി ഞങ്ങൾ. എങ്കിലും എന്തും നേരിടാനുള്ള മനസ്സോടെ ഞങ്ങൾ സമയം തള്ളിനീക്കി. ഏതാണ്ട് രാത്രി ഒരു മണിയോടടുത്തപ്പോൾ കുറച്ച് പൊലീസുകാർ ഒരു വലിയ വാനുമായി വന്ന്, നിങ്ങളുടെ ജില്ലാ സെക്രട്ടറിയും മറ്റും നടക്കാവ് സ്റ്റേഷനിൽ കാത്തിരിക്കുന്നുണ്ട് എന്നും നമുക്ക് അങ്ങോട്ട് പോവാം എന്നും പറഞ്ഞു.
“കമ്മീഷണറെ കാണാൻ എന്ന് പറഞ്ഞ് ഞങ്ങളെ ഇവിടെ കൊണ്ടുവന്നിട്ടു. ഇനി ജില്ല സെക്രട്ടറിയെ കാണാൻ എന്നും പറഞ്ഞ് നിങ്ങൾ ഇവിടെ നിന്നും കൊണ്ടുപോയി വേറെ എവിടെയെങ്കിലും കൊണ്ടിട്ട് കൊല്ലുമോയെന്ന് ആർക്കറിയാം? അത് കൊണ്ട് നിങ്ങളെ കൂടെ വരുന്ന പ്രശ്നമില്ല” എന്ന് ഞങ്ങൾ അവരോട് പറഞ്ഞ് തർക്കവും ബഹളവുമായി. അപ്പോൾ വാനിന്റെ മുൻ സീറ്റിൽ ഇരുന്ന എസ്.ഐ ഇറങ്ങി വന്ന് ഞങ്ങളുമായി നല്ല രീതിയിൽ സംസാരിച്ചു. അങ്ങനെ ഞങ്ങൾ ആ വാനിൽ കയറി നടക്കാവിൽ എത്തിയപ്പോൾ അർദ്ധരാത്രി കഴിഞ്ഞ് ഒരു മണി പിന്നിട്ടു. അപ്പോൾ അവിടെ ജില്ലാ മുസ്‌ലിം ലീഗിന്റെ യുഗപ്രഭാവനായ ജനറൽ സെക്രട്ടറിയും എം.എൽ.എയുമായ പി.വി മുഹമ്മദ് സാഹിബ്, എം.സി വടകര, എൻ.സി അബൂബക്കർ, കെ സൈതാലി, പി.എം കോയ, എന്റെ അനുജൻ കുഞ്ഞാമുട്ടി എന്നിവരുണ്ടായിരുന്നു. അവരുമായി വിവരങ്ങളൊക്കെ പങ്ക് വെച്ചു. നിങ്ങൾ വല്ലതും കഴിച്ചോ എന്ന് പി.വി ചോദിച്ചു. ഒന്നര ഗ്ലാസ് വെള്ളമാണ് ഞങ്ങളെല്ലാവരും കൂടി ആകെ കുടിച്ചത് എന്ന് പറഞ്ഞപ്പോൾ ഉടനെ എന്റെ അനുജനും എൻ.സിയും മറ്റും പോയി കുറച്ച് കട്ടൻചായയും നേന്ത്രപഴവും സംഘടിപ്പിച്ച് തന്നു. അത് കൊണ്ട് നോമ്പ്തുറയും അത്താഴവും കഴിച്ചു.
അന്ന് രാത്രി നടക്കാവ് എസ്.ഐ ആയിരുന്ന സുഭാഷ് ബാബു ഞങ്ങൾക്ക് സ്റ്റേഷന്റെ അകത്ത് ഇരിക്കാനുള്ള ഒരു ബെഞ്ച് സൗകര്യം ചെയ്ത് തന്നു. ഉടനെ കുറച്ച് പൊലീസുകാർ വന്ന് ഞങ്ങളെ ലോക്കപ്പ് ചെയ്യണമെന്ന് വാശിപിടിച്ചു. അവർ കണ്ണൻ എന്ന പോലീസുകാരൻ മലപ്പുറത്ത് ഹൃദയസ്തംഭനം മൂലം മരിച്ചത് ഞങ്ങൾ കൊന്നതാണെന്ന ഭാവത്തിലായിരുന്നു. നിസ്സഹായനായ എസ്.ഐ ഞങ്ങളെ ലോക്കപ്പ് ചെയ്തു. ലോക്കപ്പിൽ സ്വാഭാവികമായും ഷെഡ്‌ഡി ഒഴിച്ചു മറ്റ് ഡ്രെസ്സൊന്നും പാടില്ലല്ലോ? ഞങ്ങൾ ഷെഡ്‌ഡിയുടുത്ത് ലോക്കപ്പിലുണ്ടായിരുന്ന ഒരു കള്ളനോടൊപ്പം നേരം വെളുപ്പിച്ചു. ആ ലോക്കപ്പ് അനുഭവവും സ്ഥിരം കുറ്റവാളിയായ കള്ളന്റെ ചേഷ്ടകളും രസകരമായി ധാരാളം വിവരിക്കാനുണ്ട്. സമയ ദൈർഘ്യം ഭയന്ന് ഇപ്പോൾ വിവരിക്കുന്നില്ല.
നല്ലവനായ എസ്.ഐ സുഭാഷ് ബാബു പിറ്റേ ദിവസം നേരം പുലർന്നപ്പോൾ തന്നെ സ്റ്റേഷനിൽ വന്ന് ഞങ്ങളെ ലോക്കപ്പിൽ നിന്നും പുറത്തിറക്കി. ഡ്രെസ്സൊക്കെ അണിയാനുള്ള സൗകര്യം ചെയ്തു തന്നു. ചായ ഓഫർ ചെയ്‌തെങ്കിലും ഞങ്ങൾ നോമ്പാണെന്ന് പറഞ്ഞു നന്ദി പൂർവ്വം നിരസിച്ചു. 9 മണിയായപ്പോയേക്കും ചില പൊലീസുകാർ എത്തി. സ്റ്റേഷന്റെ സൈഡിലേക്കുള്ള റൂമിലേക്ക് ഞങ്ങളെ കൊണ്ട്‌പോയി. ചിലരൊക്കെ ഞങ്ങളെ ശരീരത്തിന്റെ ശക്തി പരിശോധിച്ചു. ചിലർ കൂട്ടത്തിൽ നേതാവ് ഞാനാണെന്ന് പറഞ്ഞ് എന്നെ മാറ്റി നിർത്തി പെരുമാറി. മറക്കാൻ കഴിയാത്തത് മുസ്ലിം നാമധാരിയായ ഒരു ഹെഡ് കോൺസ്റ്റബിൾ എന്നെ വല്ലാതെ ടോർച്ചർ ചെയ്തു. അയാൾ കണ്ണനെന്ന ഞങ്ങളുടെ സഹപ്രവർത്തകനെ കൊന്നത് നിങ്ങളാണെന്നും കണ്ണന്റെ ശവം നിങ്ങളുടെ നേതാവ് മുഹമ്മദ് കോയയെ കൊണ്ട് ഞങ്ങൾ തീറ്റിക്കും എന്ന് പറഞ്ഞുകൊണ്ടായിരുന്നു ടോർച്ചറിങ്ങ്. അങ്ങനെ ഉച്ചയ്ക്ക് ശേഷം 3 മണിയോടെ കൂടി ഞങ്ങളെ കോടതിയിൽ ഹാജരാക്കി. മൂന്ന് മണിയോടെ ജാമ്യം കിട്ടി.
രാത്രി എന്നെ കാണുന്നില്ല എന്നറിഞ്ഞപ്പോൾ കൊയിലാണ്ടിയിലെ വീട്ടിൽ നിന്ന് പുറപ്പെട്ട പി.വി മുഹമ്മദ് സാഹിബ് കോഴിക്കോട്ടെത്തി, ജില്ലാ കലക്ടർ, പോലീസ് കമ്മീഷണർ എന്നിവരൊക്കെയായി വലിയ തോതിലുള്ള വാക്കുതർക്കത്തിൽ ഏർപ്പെട്ടതിന് ശേഷമാണ് ഞങ്ങൾ കസ്റ്റഡിയിലുള്ള വിവരം പോലീസ് പറഞ്ഞത്. അന്ന് കോഴിക്കോട് താമസിച്ച പി.വി പിറ്റേ ദിവസം ജാമ്യം കിട്ടുന്നത് വരെ ഞങ്ങളെ ഫോളോ ചെയ്ത് കൊണ്ടിരുന്നു. ഞങ്ങൾ ജാമ്യം കിട്ടി വീട്ടിലേക്ക് പോന്നതിന് ശേഷമാണ് അദ്ദേഹം കൊയിലാണ്ടിയിലേക്ക് പോയതെന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്. പിറ്റേന്ന് രാവിലെ പോലീസ് സ്റ്റേഷനിലും ഉച്ചക്ക് ശേഷം കോടതിയിലുമൊക്കെ ഞങ്ങളെ വന്ന് പി.കെ.കെ ബാവ സാഹിബ് കണ്ടിരുന്നു.
പിന്നീട്, അന്ന് എന്നെ ടോർച്ചർ ചെയ്ത മുസ്‌ലിം നാമധാരിയായ കോൺസ്റ്റബിൾ എന്തോ കാരണത്താൽ സസ്‌പെൻഷനിലായി എന്റെ വീട്ടിൽ വന്നു. സി.എച്ചിനെ കൊണ്ട് ഇടപെടീച്ച് സസ്‌പെൻഷൻ പിൻവലിപ്പിക്കണം എന്നതായിരുന്നു ആവശ്യം. സി.എച്ച് അപ്പോൾ ഉപ മുഖ്യമന്ത്രിയായിരുന്നു. അയാൾ വന്നപ്പോൾ ഞാൻ ഒരു നിമിഷം വല്ലാത്തൊരവസ്ഥയിലായി. ഒരു മിനിറ്റ് കൊണ്ട് സമനില വീണ്ടെടുത്ത് അയാളുമായി സംസാരിച്ചു. അയാളുടെ ആവശ്യം കേട്ടു. അയാൾ അന്ന് സ്റ്റേഷനിൽ നിന്ന് കാണിച്ചതും പറഞ്ഞതും അയാൾക്ക് ഓർമയില്ലാത്ത ഭാവമായിരുന്നു. പക്ഷെ എനിക്ക് അത് മറക്കാൻ കഴിയില്ലല്ലോ? എങ്കിലും അയാൾ വന്ന കാര്യം സി.എച്ചുമായി ഞാൻ സംസാരിച്ചു. ജൂലൈ 30 ന് സ്റ്റേഷനിൽ ഉണ്ടായ കാര്യവും വിശദമായി പറഞ്ഞു. ഇതെല്ലാം കെട്ടതിന് ശേഷം സി.എച്ച്, അയാളിൽ നിന്നും ഒരു പെറ്റീഷൻ വാങ്ങി കൊണ്ടു കൊടുക്കാൻ പറഞ്ഞു. അയാൾ തന്ന പെറ്റിഷൻ ഞാൻ സി.ച്ചിന് എത്തിച്ച് കൊടുത്തു. സി.എച്ച് ഇടപെട്ട് അയാളുടെ സസ്‌പെൻഷൻ പിൻവലിച്ചു. പിന്നീട് അയാൾ എ.എസ്.ഐ ആയാണ് റിട്ടയർ ചെയ്തത് (അതായിരുന്നു സി.എച്ച് മുഹമ്മദ് കോയ സാഹിബ്).
ആ സമരത്തിൽ മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്ന നമ്മുടെ 3 പ്രിയപ്പെട്ട സഹപ്രവർത്തകർ പൊലീസ് വെടിവെപ്പിൽ ശഹീദായി. അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ഭാഷസമരം കഴിഞ്ഞതിന് ശേഷം തിരുവനന്തപുരത്ത് യൂത്ത് ലീഗ് സ്റ്റേറ്റ് കമ്മിറ്റി ചേർന്നു. അറബി ഭാഷയെ ഞെക്കികൊല്ലുന്ന ഈ നിയമം പിൻവലിക്കാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ഒരു ലക്ഷം പ്രവർത്തകരെ അണിനിരത്തി യൂത്ത് ലീഗ് ഗ്രേറ്റ് മാർച്ച് പ്രഖ്യാപിച്ചു. ഗ്രേറ്റ് മാർച്ചിന്റെ പ്രചാരണ പ്രവർത്തനങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കെ നായനാർ സർക്കാർ ലീഗിന്റെയും യൂത്ത്‌ലീഗിന്റെയും മുമ്പിൽ മുട്ടുമടക്കി, അറബി ഭാഷക്കെതിരെയുള്ള നിയമം പിൻവലിച്ചു. മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നിവരുടെ രക്തസാക്ഷിത്വത്തിനും നിരവധി പ്രവർത്തകന്മാർ പോലീസിന്റെ അടിയും വെടിയും കൊണ്ടതിനും ഫലമുണ്ടായി. അൽഹംദുലില്ലാഹ്….!
എം.സി മായിൻ ഹാജി